Words and Notion

Observe, Don't just see


29 Comments

ഹൃദയത്തിനുമേല്‍ ദൈവത്തിന്‍റെ കൈയൊപ്പുള്ള ആള്‍

Dasthayevski “ദസ്തയേവ്സ്കിയുടെ ഭാര്യ അന്നയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചപ്പോള്‍ എന്‍റെ മനസ്സിനു ഒരുണര്‍വ്വ് അനുഭവപ്പെട്ടു. ഒരു വാഗ്ദാനം നിറവേറ്റാന്‍ എനിക്കന്ന് ഒരു നോവല്‍ എഴുതേണ്ടതുണ്ടായിരുന്നു.അതിന്‍റെയൊക്കെ പിരിമുറുക്കവുമായി നടക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഒരു വെളിപാടു പോലെ എനിക്കു തോന്നി, ദസ്തയേവ്സ്കിയുടെ ജീവിതം ​വെച്ച് ഒരു നോവല്‍ എഴുതിയാലോ ?”

അങ്ങിനെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവല്‍ ജനിച്ചു, പെരുമ്പടവം ശ്രീധരന്‍ എന്ന മഹനായ നോവലിസ്റ്റിന്‍റെ പേനത്തുമ്പിലൂടെ.
1996 ലെ വയലാര്‍ അവാര്‍ഡ് കിട്ടിയ ആ നോവല്‍ ഒന്നു വയിക്കണമെന്നു കുറെ നാളത്തെ എന്‍റെ ഒരു ആഗ്രഹമായിരുന്നു. അവാര്‍ഡ് കിട്ടിയ നോവലായതുകൊണ്ടല്ല, പീഡിക്കപ്പെട്ട ഒരു മനസ്സിന്‍റെ പ്രകമ്പനങ്ങള്‍ പുനരാവിഷ്കരിച്ച് അതിന്‍റെ ദിവ്യ തേജസ്സ് എന്തെന്നു കാണിച്ചു തന്ന നോവലായതുകൊണ്ട്.

ആ ദിവ്യലാവണ്യത്തിന്‍റെ തേജസ്സ് എന്‍റെ മനസ്സിനേയും ഒരുപാട് സ്പര്‍ശിച്ചു. അതുകൊണ്ടു തന്നെ അതിലെ ചില വരികളും എനിക്ക് നിങ്ങളോട് പറയാതിരിക്കാന്‍ പറ്റുന്നില്ല.

“മറക്കാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍മ്മ ഒരു മുള്‍ക്കിരീടം പോലെ ഹൃദയത്തിനു മുകളില്‍ നില്ക്കുന്നു. അതിന്‍റെ മുള്ളുകള്‍ കൊണ്ടുണ്ടാകുന്ന മുറിവുകളില്‍ രക്തവും നൊമ്പരവും ഒഴുകുന്നു.”

“വെറുക്കുന്ന ഒരാളെ അതേ സമയം സ്നേഹിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? മനസ്സ് വലിയ ആഴമുള്ള ഒന്നാണു. ചിലപ്പോള്‍ നോക്കുമ്പോള്‍ ഒരു ഘനനീലിമ, ചിലപ്പോള്‍ അടി കാണാം. അനുഗ്രഹവും ശാപവും വേര്‍തിരിയുന്നത് എങ്ങനെ? എനിക്കു തോന്നുന്നതിതാണ്, അതിനിടക്ക് ഒരു ലോലമായ മറ മാത്രമാണുള്ളത്.”

“കുറെനാള്‍ മുമ്പാണു ഞാനെന്‍റെ ഹൃദയം പൂട്ടി അതിന്‍റെ താക്കോല്‍ എവിടെയോ വലിച്ചെറിഞ്ഞു. ഇപ്പോള്‍ ഓര്‍ക്കുന്നില്ല, അതെവിടെയാണെന്ന്. എവിടെയെങ്കിലും കിടന്നു നിനക്കു കിട്ടിയോ അത്? എന്‍റെ ഹൃദയത്തിന്‍റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത്? “

“മനുഷ്യനു എല്ലാ ചുമടുകളും ഇറക്കി വെക്കാനൊക്കുമോ ? സഹിക്കാനൊന്നുമില്ലാത്ത ജീവിതം യാഥാര്‍ത്ഥത്തില്‍ ജീവിതമാണോ? “

“സ്നേഹം അങ്ങിനെയുമുണ്ട്, ഏതു മുറിവും സഹിച്ചുകൊണ്ട് ഏതപമാനവും സഹിച്ചുകൊണ്ട്, ചിലപ്പൊള്‍ ഒരിക്കലും തിരിച്ചു കിട്ടുകയില്ലെന്നറിഞ്ഞുകൊണ്ട്. “

“ഏത് തുള്ളിയില്‍ നിന്നായിരുന്നു വേലിയേറ്റത്തിന്‍റെ ആദ്യത്തെ തരിപ്പെന്ന് സമുദ്രത്തിനു ഓര്‍മ്മിക്കാന്‍ കഴിയുമോ പിന്നീട്?”

“അത്ര സരളമായിട്ടൊന്നും പറയാന്‍ സാധിക്കില്ല, ഈശ്വരന്‍റെ നിരീശ്വരത്വം. സ്ഥിരചിത്തന്‍റെ അദൃശ്യമായ ചിത്തഭ്രമങ്ങള്‍. തിന്മയുടെ സൌന്ദര്യം. അതിശൈത്ത്യത്തിന്‍റെയുള്ളിലെ അത്യുഷ്ണം. അങ്ങിനെ വ്യരുദ്ധ്യങ്ങളിലൂടെ ധ്വനിപ്പിക്കാന്‍ കഴിയുന്ന ഒരു കാവ്യാനുഭവം. “

“എന്തിനാണു സ്നേഹിക്കുന്നത്? സ്നേഹിച്ചില്ലെങ്കില്‍ എന്താണു കുഴപ്പം? ആരെയും ഒന്നിനേയും സ്നേഹിക്കതെയും മനുഷ്യനു ജീവിച്ചുകൂടെ?”

“ആത്മീയമായ ഏകാന്തതയുടെ ദുഖം മറക്കാനാണു സ്നേഹിക്കുന്നത്.”

“ചിലപ്പോള്‍ സംശയം തോന്നും ഇതൊക്കെ വെറുമൊരു യാദൃച്ഛികതയാണോ എന്ന്! ഇതൊക്കെ എന്ന് വെച്ചാല്‍, ഈ പ്രപഞ്ചം മുഴുവന്‍! ആകാശവും ഭൂമിയും ഗ്രഹതാരകങ്ങളും ക്ഷീരപഥങ്ങളും സമയകാലങ്ങളും മനുഷ്യരും പുഴുക്കളും പക്ഷികളും പൂക്കളും ഇതൊക്കെ എന്തിനാണു ദൈവം സ്റുഷ്ടിച്ചത്? എന്താണു ഇതിന്‍റെയൊക്കെ ഉദ്ദേശ്യം? ദൈവം എന്തിനാണു ഇത്ര കഷ്ടപ്പെട്ടത്?”

“ഒരു സ്ഫോടനം. അതുണ്ടാക്കുന്ന വിള്ളലുകളിലൂടെ വേണം ജീവിതത്തിന്‍റെ ആഴങ്ങളിലേക്ക് നോക്കാന്‍. ജീവിതത്തിന്‍റെ ആഴങ്ങളിലേക്കെന്ന് പറയുമ്പോള്‍ അതിന്‍റെ രഹസ്യങ്ങളിലേക്കും അര്‍ഥങ്ങളിലേക്കും അര്‍ഥശൂന്യതകളിലേക്കും.”

“നോവല്‍ ഏറ്റുവാങ്ങിയതിനു പോലീസ് ഇന്‍സ്പെക്ടര്‍ എഴുതിക്കൊടുത്ത രസീതുംകൊണ്ട് അന്ന ഇറങ്ങിവന്നപ്പോള്‍ ജീവിതത്തില്‍ ശേഷിക്കുന്ന എല്ലാ മോഹങ്ങളോടും കൂടി ദസ്തയേവ്സ്കി അവളെ ഒന്നു നോക്കി. ദൈവികമായ നിമിഷമാണതെന്ന് അദ്ദേഹത്തിനു തോന്നി. ദൈവം സാക്ഷിനില്ക്കുന്ന ഒരു നിമിഷം! ദൈവം കാവല്‍ നില്ക്കുന്ന ഒരു നിമിഷം!  ആ നിമിഷത്തിന്‍റെ അധ്റുഷമായ പ്രേരണക്കു കീഴടങ്ങി ദസ്തയേവ്സ്കി ആ വഴിയരികില്‍ വെച്ചു അന്നയെ കെട്ടിപ്പുണര്‍ന്നു. ദുരന്തത്തിന്‍റേയോ മരണതിന്‍റേയോ ഗര്‍ത്തത്തില്‍ നിന്ന് ഒരാത്മാവ് ദൈവികമായ ഒരു നിമിഷത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ് അനശ്വരതയുടെ ഏതോ ഒരു ശിഖിരത്തില്‍ വെച്ച് അതിന്‍റെ ഇണയെ കണ്ടുമുട്ടുന്ന പോലെയായിരുന്നു അത്.”

ഈ ബുക്ക് വായിച്ച ആര്‍ക്കും ഈ വരികളും ഈ രചനയും ഒരിക്കലും മറക്കാന്‍ കഴിയുകയില്ല.